Sunday, March 23, 2014

ദാരുമൂര്‍ത്തികളുടെ അഭൗമലാവണ്യം


കവിയൂര്‍ മഹാക്ഷേത്രത്തിന് എക്കാലത്തും ശ്രദ്ധയാകര്‍ഷിക്കാവുന്ന ഒട്ടേറെ സവിശേഷതകളുണ്ട്. എല്ലാ മഹാക്ഷേത്രങ്ങള്‍ക്കും അങ്ങനെയൊരു മഹിമയുണ്ട്. അതാണവയെ മഹാക്ഷേത്രങ്ങളാക്കുന്നതു തന്നെ. ഐതിഹ്യങ്ങളുടെ ഒരു പാരാവാരം തന്നെ കവിയൂര്‍മഹാക്ഷേത്രത്തെ ചുഴന്നുണ്ട്. കേരളക്കരയിലെ അതിദിവ്യമായ പ്രതിഷ്ഠകളിലൊന്നാണ് കവിയൂരിലെ ശിവലിംഗം. ത്രേതായുഗത്തില്‍ ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണെന്ന ഐതിഹ്യം തന്നെയാണ് അതിനുപോദ്ബലകമായുള്ളത്. പരശുരാമഭൂമിയായ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെയുള്ള ദേശത്തെ അഷ്ടാദശ(18) മഹാശിവാലയങ്ങളിലൊന്നായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. രാമഭക്തനായ ഹനുമാന്റെ സാന്നിധ്യം ഈ ക്ഷേത്രത്തിന്റെ മാഹാത്മ്യത്തിനു മാറ്റുകൂട്ടുന്നു. കേരളക്കരയിലെ ഏറ്റവും പ്രമുഖമായ ഹനുമദ് സന്നിധിയായി കവിയൂര്‍ മഹാക്ഷേത്രത്തെ കണക്കാക്കുന്നവര്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. അനേകം ചടങ്ങുകളുടെയും ആചാരങ്ങളുടെയും വൈചിത്ര്യം ഈ ക്ഷേത്രത്തിന്റെ സവിശേഷതയായുണ്ട്. അതീവ സമ്പന്നതയുടെ ഒരു ഭൂതകാലം ഇതിന് അവകാശപ്പെടാനുണ്ട്.ക്ഷേത്രത്തിന്റെ പൗരാണികതയും ഇവിടെയുള്ള രണ്ടു ശിലാശാസനങ്ങളും ശ്രദ്ധേയമാണ്.
പക്ഷേ ഇതിനെല്ലാമുപരി കവിയൂരിനെ അത്യന്തം പ്രസക്തമാക്കുന്ന ഒരു വസ്തുത ഇതിന്റെ ശില്പഗാംഭീര്യമാണ്. ക്ഷേത്രത്തിന്റെ ആകമാന ശില്പഭംഗി. ഇവിടുത്തെ ദാരുശില്പങ്ങളുടെയും ലോഹശില്പങ്ങളുടെയും മികവ്. ഈ കലാപരമായ ഗരിമകളെ പക്ഷേ നാട്ടുകാരെങ്കിലും അവഗണിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ശില്പ കുതുകികളെ ആകര്‍ഷിക്കുന്ന കവിയൂര്‍ മഹാദേവക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ അവസ്ഥ വളരെ ശോചനീയമാണ്. മതിയായ സംരക്ഷണമില്ലാതെ പലതും നാശത്തിന്റെ വക്കത്താണ്. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറേ നടവാതിലിനു വടക്കുവശത്തുള്ള ഒരു ശില്പത്തിന്റെ പ്രഭാവലയം ഒരു വശത്ത് ഒടിഞ്ഞുപോയത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിസ്സംഗത മടുപ്പിക്കുകയാണു ചെയ്തത്. ഈ അടുത്തിടയ്ക്കാണ്, ബലിക്കല്പ്പുരയിലെ ശില്പസമുച്ചയത്തിലെ ഏറ്റവും മികച്ചവയിലൊന്നായ രാമായണം വായിച്ച് സീതാരാമന്മാരെ കേള്‍പ്പിക്കുന്ന ഹനുമാന്റെ ശില്പത്തിന്റെ രണ്ടുകൈകളും രാമായണവും ഒടിഞ്ഞുപോയിരിക്കുന്നത് ശ്രദ്ധിച്ചത്. അത്രയും ഉയരത്തിലുള്ള ശില്പത്തിന്റെ കൈകള്‍ അടര്‍ത്തി മാടിയതുപോലെ ഒടിഞ്ഞിരിക്കുന്നത് ദുരൂഹതയുളവാക്കുന്ന ഒരു സംഭവം തന്നെയായിരുന്നു. നമസ്കാരമണ്ഡപത്തിന്റെ ഓടില്‍ നിര്മ്മിച്ച കഴുക്കോല്‍ പുച്ഛങ്ങള്‍ മുഴുവനും രണ്ടായിരത്തിയൊന്നിലെ അറ്റകുറ്റപ്പണിസമയത്ത് ഊരിവച്ചിട്ട് ഇന്നുവരെയും തിരിയെ ഘടിപ്പിച്ചിടില്ല എന്ന വസ്തുതയും അതിവിശിഷ്ടമായ അനവധി തിരുവാഭരണങ്ങള്‍- അത്യമൂല്യമായ സ്വര്‍ണ്ണപ്രഭാമണ്ഡലമടക്കം- എത്രയോകാലമായി സ്ട്രോംഗ് റൂമിന്റെ ഇരുളറയില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും ഓര്‍ക്കണം. പത്തുകൊല്ലം മുന്പ് ഹൈക്കോടതി ഉത്തരവിനെ ത്തുടര്‍ന്നാണ് പത്തുനാല്പതുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം സ്വര്‍ണ്ണത്തലേക്കെട്ടുകള്‍ പുറത്തെടുത്തത്. അതില്‍ ചട്ടങ്ങള്‍( കോലം എന്നു വടക്കോട്ടുപറയും- ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കുന്ന ചിത്രം കവിയൂര്‍ക്കാരടക്കം വലിയ ഭക്തിയോടെ കാണൂകയും സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യും.) രണ്ടും ജീര്‍ണ്ണാവസ്ഥയിലായതിനാല്‍ എഴുന്നള്ളത്തിനെടുക്കാതെ വിഗ്രഹങ്ങളുടെ പിറകില്‍ പ്രഭപോലെ വച്ചതേയുള്ളു. ആകമാനം കീറിപ്പറിഞ്ഞതാണെങ്കിലും പള്ളിവേട്ടദിവസത്തെ രാവിലത്തെ ശിവേലിക്കെങ്കിലും നെറ്റിപ്പട്ടങ്ങള്‍ കെട്ടി എഴുന്നള്ളിക്കുമായിരുന്നു. ഇക്കൊല്ലത്തെ ഉത്സവത്തിന് അതുമുടങ്ങി. കേടുപാടുതീര്‍ക്കാന്‍ ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ടെന്നും അതു പൂര്‍ത്തിയാവാത്തതിനാലാണെഴുന്നള്ളിക്കാത്തതുമെന്നാണ് കിട്ടിയ വിശദീകരണം. കേരളത്തിന്റെ നാനാഭാഗത്തുനിന്നും പരമാവധി തലപ്പൊക്കമുള്ള ആനകളെത്തന്നെ എഴുന്നള്ളിക്കാന്‍ പെടാപ്പാടു പെടുന്ന നാം എന്തുകൊണ്ട് നമ്മുടെ സ്വന്തം ആനച്ചമയങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നു ശഠിക്കാന്‍ മറന്നുപോകുന്നു. അതുപോലെയാണു ദാരുശിലപങ്ങളുടെ കാര്യവും. ഇതൊന്നും മനസ്സിലാക്കാന്‍ വയ്യായ്കയാണോ കവിയൂരിലെ ആള്‍ക്കാരുടെ പ്രശ്നം??

അങ്ങനെയെങ്കില്‍ ഇതൊക്കെ മനസ്സിലാക്കാനും നമ്മുടെ നാടിന്റെ പ്രത്യേകതകളും മഹിമകളും എന്തെന്ന് അറിയാനുള്ള വഴികളെപ്പറ്റി നാം ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.രാമൂകടകവുംലോകമറിയുന്ന ഫോട്ടോഗ്രാഫറന്മാരിലൊരാളായ ജോഗീന്ദര്‍ സിംഗും ചേര്‍ന്നു രചിച്ച "Glimpses of Architecture in Kerala' എന്ന ഗ്രന്ഥം കവിയൂരിനെ വാഴ്ത്തുന്നത് നാം അറിയേണം. ഈ ക്ഷേത്രത്തിന്റെ ശില്പഭംഗിയെക്കുറിച്ച് അവര്‍ പറഞ്ഞത് കേരളക്കരയിലെ ഏറ്റവും മികച്ചതെന്നാണ്. ആസ്ത്രേലിയക്കാരനായ പുരാവസ്തു ഗവേഷകന്‍ ജോര്‍ജ്ജ് മൈക്കിള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മഹത്തായ ശില്പസ്മാരകങ്ങളിലൊന്ന് എന്നാണ് നമ്മുടെ മഹാക്ഷേത്രത്തെ വാഴ്ത്തുന്നത്.
അതേ, മഹത്തരമാണ് ഈ ദാരു ശില്പങ്ങള്‍. ഒടിഞ്ഞും ചിതല്‍തിന്നും പോകാന്‍ വിധിക്കപ്പെടരുതാത്ത കലാരൂപങ്ങള്‍. നമ്മുടെ നാടിന്റെ കലാപാരമ്പര്യത്തിന്റെ ഏറ്റവും വലിയ ഈടുവയ്പ്പ്.
നല്ലതിനെ അംഗീകരിക്കാനും നെഞ്ചോടുചേര്‍ക്കാനുമുള്ള മനഃസ്ഥിതി ഇനിയെങ്കിലും ഉണ്ടായേ മതിയാവൂ നമുക്ക്. എന്തിനെയും അലസമായ ഒരു നിസ്സംഗതയോടെ പുച്ഛിച്ചു തള്ളുന്ന ആ മുഖമുണ്ടല്ലോ, ആ മനഃസ്ഥിതിയുണ്ടല്ലോ, ഇതാ ഈ ശില്പത്തിലെ കാലനെക്കൊല്ലുന്ന മഹാദേവന്റെ ക്രൗര്യത്തോടെ കുത്തിമലര്‍ത്താന്‍ ആവണം നമുക്ക്. എന്തൊരു ഗാംഭീര്യമാണെന്നു നോക്കൂ ഈ ശില്പത്തിന്! ശീകോവിലിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി കൊത്തിവച്ചിരിക്കുന്ന മാര്‍ക്കണ്ഡേയ കഥയുടെ ഭാഗമാണ് ഈ ശില്പം......
 ഇത് നമുക്കൊരു മാര്‍ഗ്ഗദര്‍ശിനിയാവണം. ഇതുപോലുള്ള നൂറുകണക്കിനു ശില്പങ്ങളാണ് നമ്മുടെ നാട്ടിലെശില്പികള്‍ നമ്മുടെ മഹാക്ഷേത്രത്തില്‍ നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുന്പ് കൊത്തിവച്ചത്. നാമിതിനെ അറിയണം . അറിഞ്ഞാലേ അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാവൂ. അങ്ങനെയായാലേഈ മഹാക്ഷേത്രത്തിന്റെ മഹിമകള്‍ വെളിവാവൂ. എങ്കിലേ, നമുക്ക് നമ്മെത്തന്നെ തിരിച്ചറിയാനാവൂ. ശിവലിംഗത്തെതന്നോടുചേര്‍ത്തു പുണര്‍ന്നിരിക്കുന്നമാര്‍ക്കണ്ഡേയ കുമാരനെപ്പോലെ ........

No comments: