Wednesday, January 14, 2015

മാതാപിതാ.................................

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്നത് തൃക്കവിയൂരപ്പന്റെ പ്രജയായി ജനിച്ചു എന്നതാണ് ഈയുള്ളവന്റെ അനുഭവം. എവിടെയും ഇതു സമര്‍ഥിക്കാനും വിളംബരം ചെയ്യുവാനും ( കഴിയുന്നിടത്തോളം) തയ്യാറുമാണ്.
ആരാണീ തൃക്കവിയൂരപ്പന്‍ എന്നതിലേ ഉള്ളൂ ആര്‍ക്കെങ്കിലും ( പ്രത്യേകിച്ച്, അവിടുത്തെ തട്ടകത്തിനരികില്‍ ജീവിക്കുന്നവര്‍ക്ക്- ഇതെന്റെ അനുഭവപാഠമാണ്- അരനൂറ്റാണ്ടോളം കാലത്തേത്) സംശയം തോന്നാവുന്നത്.

ഇപ്പറഞ്ഞ തൃക്കവിയൂരപ്പന്‍ ഭൗതികമായി വെറും ശിലാരൂപത്തിലുള്ള ഒരു ശിവലിംഗമാണ്. ഐതിഹ്യപ്രകാരം ആ ശിലാരൂപം ഈ മണ്ണില്‍, ഞാനിതേ നിമിഷം വരെ ജീവശ്വാസമാവാഹിച്ച ഈ മണ്ണില്‍, ത്രേതായുഗത്തില്‍ ജീവിച്ചിരുന്നു എന്ന് ഭാരതവര്‍ഷത്തിലാകമാനമുള്ള ജനതതി വിശ്വസിച്ചുവരുന്ന( ഇന്നത്തെ ഭാരതം എന്ന സങ്കല്പത്തിനുമെത്രയോ അതീത വിശാലമായ ഒരു ഭൂമണ്ഡലത്തില്‍!) പുരാണപുരുഷനായ ശ്രീരാമന്‍ എന്ന ത്രേതായുഗക്കാതലായ, അയോധ്യാധിപനായ മനുഷ്യാവതാരം തന്റെ അവതാരോദ്ദേശ്യം നിര്‍വഹിച്ചു സ്വപീഠമായ അയോധ്യയിലേക്കുമടങ്ങും വഴി പരിവാരസമേതം പ്രതിഷ്ഠിച്ച, ഇവിടുത്തെ മണ്ണില്‍ ദര്‍ഭചര്‍ത്തു ബലം വരുത്തി സ്വകരങ്ങളാല്‍ ചമച്ച, ദിവ്യലിംഗമാണെന്നത് തലമുറകളാല്‍ കൈമാറിവരുന്ന ഐതിഹ്യമാകുന്നു.  ത്രേതായുഗം ദ്വാപരയുഗത്തിനും പിന്നീടുകലിയുഗത്തിനും വഴിമാറിക്കൊടുത്തു എന്നതും മേല്പ്പറഞ്ഞ ഭാരതവര്‍ഷം എന്നു പറയപ്പെടുന്ന ഭൂഭാഗമാകെ വിശ്വസിച്ചുവരുന്ന ഒരു വസ്തുതയാണ്. ചരിത്രപരമായി ഇന്നു നിലനില്ക്കുന്ന ഇന്ത്യയിലെ ആരാധനാലയങ്ങളെ ആകമാനമെടുത്താല്‍ ഏറ്റവും പഴക്കം അവകാശപ്പെടാവുന്ന ഒന്ന് എന്ന് വിദേശീയരും സ്വദേശീയരുമായ അനവധി വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഒന്ന് എന്നതാണ് തൃക്കവിയൂര്‍ മഹാദേവക്ഷേത്രത്തെ കേരളക്കരയില്‍ പ്രസക്തമാക്കുന്നത്. ചരിത്ര/പുരാശാസ്ത്രഗവേഷകനായ ജോര്‍ജ്ജ് മൈക്കിളിന്റെ ഭാഷയില്‍ 'one of the greatest monuments in India'.

നാം ചരിത്രത്തെ എങ്ങനെ ഉള്‍ക്കൊണ്ടു, എങ്ങനെ അപഗ്രഥിച്ചു, എങ്ങനെ സ്വായത്തമാക്കി എന്നത് സ്വയം ചിന്തിക്കേണ്ടുന്ന വിഷയമാണ്. ചരിത്രപരമായി, ഐതിഹ്യപരമായി സ്വന്തം നാടിനെ നേര്‍ത്തതലത്തിലെങ്കിലും ഉള്‍ക്കൊണ്ടിട്ടുള്ള ഒരാള്‍ക്കും ആ മഹാദേവാലയത്തില്‍ ചോരവീഴ്ത്താന്‍ തോന്നില്ല. മൂവായിരത്തിമുന്നൂറേക്കര്‍കരഭൂമിയുള്ള ഒരു വില്ലേജിന്റെ മൂവായിരത്തി ഒരുനൂറേക്കറും സ്വന്തമായിട്ടുള്ള ഒരു ഈശ്വരരൂപിയുടെ പ്രജകളാണ് ഏതു ജാതി മതവിഭാഗത്തിലും പെടുന്ന ഈ നാട്ടിലെ മനുഷ്യരെല്ലാം. കവിയൂര്‍, കുന്നംതാനം, ഇരവിപേരൂര്‍, പടിഞ്ഞാറ്റുംചേരി, ഞാല്‍ഭാഗം, തോട്ടഭാഗം, ആഞ്ഞിലിത്താനം, മുരണീക്കരകളിലെയെല്ലാം പൊതുനിരത്തുകളടക്കം ഭൂമിയുടെ മുഴുവന്‍ അവകാശി 1921 വരെ തൃക്കവിയൂരപ്പന്‍ മാത്രമായിരുന്നു എന്നതു ചരിത്രവസ്തുത. ആയിരത്തിലേറെക്കൊല്ലമായി അതങ്ങനെതന്നെയായിരുന്നു. നൂറുകണക്കിനു നാടുകളായി പിരിഞുകിടന്ന കേരളക്കരയിലെ ഏതൊരു നാടുവാഴിയുമായി താരതമ്യം ചെയ്താലും ചക്രവര്‍ത്തിപദവി തൃക്കവിയൂരപ്പനുണ്ടായിരുന്നു എന്നു കരുതാം. ആ രാജപദവിയുടെ ചിഹ്നങ്ങളീല്‍ച്ചിലത് ആറിലേറെ പതിറ്റാണ്ടുകള്‍ക്കുശേഷം ഇക്കുറി ദേവസ്വം വക ഇരുട്ടറയ്ക്കു പുറത്തുവരികയും ചെയ്തു.

ഇക്കുറി, ഭഗവാന്‍ പള്ളിവേട്ടദിനത്തില്‍ ആറുപതിറ്റാണ്ടിനു ശേഷം പ്രൗഢിയുടെ ചിഹ്നങ്ങള്‍ മിക്കതുമണിഞ്ഞാണെഴുന്നള്ളിയത്- സ്വര്‍ണ്ണത്തലേക്കെട്ട്, സ്വര്‍ണ്ണച്ചട്ടം, സ്വര്‍ണ്ണയങ്കി. ഭഗവാന്റെ വിപുലമായ തിരുവാഭരണശേഖരത്തിന്റെ ഒരു ചെറിയ അംശം മാത്രം. തിരുവാഭരണം രെജിസ്ടറിലെ നൂറ്റിയെഴുപത്തിയഞ്ചിനുശേഷമുള്ള നമ്പര്‍ ഐറ്റങ്ങള്‍. ഒന്നാം നമ്പര്‍ തിരുവാഭരണമായ സ്വര്‍ണ്ണപ്രഭാമണ്ഡലം അടക്കം പല അത്യമൂല്യമായ നിധികളും ഇന്നും ഇരുള്‍ മറയ്ക്കപ്പുറത്താണ്.
കവിയൂര്‍ക്കാരാ, എന്താണു, മോഹനിദ്രയില്‍ മയങ്ങുന്നത്? ലഘുവായ പ്രശ്നങ്ങളില്‍ കുടുങ്ങി സ്വന്തം സ്വത്വത്തിന്റെ മഹിമകളില്‍ നിന്നു മുഖം തിരിക്കുന്നത്? 1900ത്തില്‍ തിരുവിതാംകൂര്‍ ഗവണ്മെന്റ് കവിയൂര്‍ ദേവസ്വം  ഏറ്റെടുക്കുമ്പോള്‍ അതിന്റെ സ്ഥാനം തിരുവിതാംകൂറില്‍ വൈക്കം, പദ്മനാഭസ്വാമിക്ഷേത്രം, ശുചീന്ദ്രം, തിരുവട്ടാര്‍, ഏറ്റുമാനൂര്‍, അമ്പലപ്പുഴ, കന്യാകുമാരി, ആറന്മുള, അമ്പലപുഴ, ഹരിപ്പാട്, പദ്മനാഭപുരം, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവയ്ക്കൊപ്പം പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. ജനാധിപത്യസര്‍ക്കാരിനു കൈമാറുമ്പോള്‍ പതിമ്മൂന്നാമതായി തിരുവിതാംകൂര്‍ഭാഗത്തുനിന്നും ഒരു ക്ഷേത്രവും കൂടിയേ ചേര്‍ത്തുള്ളു- ശബരിമല.
ഇത്രയും അറിഞ്ഞ ആരെങ്കിലും ഞാനാണു കവിയൂര്‍ ക്ഷേത്രത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നു കരുതുമോ?
അജ്ഞത നമ്മെ സത്യത്തില്‍ നിന്ന്( ഈശ്വരനില്‍ നിന്ന്) അകറ്റി നിര്‍ത്തുന്ന ഇരുട്ടാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച ഒരു മതം എന്ന നിലയിലാണ് നാമിന്ന് ഹിന്ദു എന്നു വിളിക്കുന്ന മഹാസംസ്കാരം പ്രസക്തമാവുന്നതെന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടു സാക്ഷ്യപ്പെടുത്തുന്നത്. ആ ഇരുട്ടില്‍ നിന്നുകൊണ്ട് തൃക്കവിയൂരപ്പാ എന്ന് ആത്മാവില്‍ത്തട്ടിവിളിക്കാന്‍ കഴിയുന്നവര്‍ ചുരുക്കമാണ് എന്നതാണ് നമ്മുടെ നാടിന്റെ പ്രശ്നം. ഞാനില്ലയെങ്കില്‍ എല്ലാം താറുമാറാവും എന്ന് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരു പ്രദേശത്തു നിന്ന് വിളംബരം ചെയ്യുന്ന ആത്മക്കള്‍ വിളിച്ചുപറയാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യാനാവും?
അങ്ങനെയായിപ്പോയി നമ്മുടെ പൊതുമനസ്സ്.
ഭഗവാനേ!

No comments: