Saturday, January 9, 2010

മഴനനഞ്ഞ വഴിയിലൂടെ ആറാടാനെഴുന്നള്ളത്ത്‌













ഒരുത്സവത്തിനുകൂടി തിരശ്ശീല വീഴുകയാണ്‌. ഏതാനും നിമിഷങ്ങൾക്കു മുൻപ്‌ ശ്രീകോവിലിൽ നിന്നും തിടമ്പ്‌ പുറത്തേക്കെഴുന്നള്ളിച്ച്‌ ആനപ്പുറത്തേക്ക്‌ കയറ്റി നേരെ അങ്ങെഴുന്നള്ളത്തു തുടങ്ങുകയായിരുന്നു. കവിയൂരിലെ ആറാട്ടിനെഴുന്നള്ളത്ത്‌ കാണാൻ പ്രത്യേകം ഒരു ചേലുണ്ട്‌. പലയിടങ്ങളിലും എഴുന്നള്ളിച്ചശേഷം ചിലപ്പോൾ മണിക്കൂറുകളോളം പറകളും അൻപൊലികളും സ്വീകരിച്ച ശേഷമാവും പുറത്തേക്കെഴുന്നള്ളിക്കുക. ഇവിടെയാകട്ടെ, കുളിക്കാനുള്ള ധ്രൃതിക്കെന്നപോലെ ആനപ്പുറത്ത്‌ തിടമ്പുകൾ രണ്ടും ഏറ്റിക്കഴിഞ്ഞാലുടനെ നേരെ പുറത്തേക്ക്‌ എഴുന്നള്ളുകയാണ്‌.
ഇക്കുറി എഴുന്നള്ളത്ത്‌ പുറപ്പെടുന്ന സമയത്ത്‌ നല്ല തിരക്കായിരുന്നു ക്ഷേത്രത്തിൽ. അതിനും അരമണിക്കൂർ മുൻപ്‌ ചാറിയ മഴയിൽ എഴുന്നള്ളത്തു കടന്നു പോകുന്ന വഴിയാകെ നനഞ്ഞ്‌ ശുദ്ധമായിക്കിടന്നു.
ദേവസ്വം നടത്തുന്ന ഉത്സവത്തിന്‌ പ്രതീക്ഷിച്ച നിറക്കുറവൊന്നുമുണ്ടായില്ല്. എല്ലാ ദിവസവും ജനത്തിരക്ക്‌ മുൻകൊല്ലത്തേതിലും ഏറെയായിരുന്നു. ഇന്നലെ പള്ളിവേട്ടദിനത്തിലെ രണ്ടു ശിവേലികളും അത്യന്തം മനോഹരമായി. രാവിലെ സ്വർണ്ണത്തലേക്കെട്ടണിഞ്ഞ ആനകളുടെ പുറത്ത്‌ നടന്ന എഴുന്നള്ളത്തിനും നല്ല തിരക്കനുഭവപ്പെട്ടു. വൈകിട്ട്‌ മതിൽക്കകവും പുറവും നിറഞ്ഞു നിന്ന പതിനായിരങ്ങളുടെ മുൻപിലേക്ക്‌ തൃക്കവിയൂരപ്പന്റെ പൊന്തിടമ്പ്‌ പേറി തങ്കത്തലേക്കെട്ടണിഞ്ഞ്‌ മലയാലപ്പുഴരാജനും പാർവ്വതിയുടെ തിടമ്പേറ്റി ഗുരുവായൂർ വലിയകേശവനും കാഴ്ചശിവേലിക്കെഴുന്നള്ളിയപ്പോൾ പാമ്പാടി രാജനടക്കം നാലാനകൾ അകമ്പടി സേവിച്ചു. തിടമ്പെടുക്കാൻ മലയാലപ്പുഴ രാജനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുണ്ടായ തർക്കം അർത്ഥവത്തുതന്നെ; എഴുന്നള്ളത്തിന്റെ ചിത്രങ്ങൾ കാണുക, തലപ്പൊക്കത്തിലെ വ്യത്യാസം സുവ്യക്തം! ദേവസ്വം ജീവനക്കാർ അവരുടെ ആനയ്ക്കുവേണ്ടി ഉറച്ച നിലപാടെടുത്തതു മനസ്സിലാക്കാം. ഈ സീസണിൽ( ധനുമാസം) ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ നടക്കുന്ന് ഏറ്റവും പ്രാധന്യമേറിയ രണ്ടുത്സവങ്ങളിലൊന്നിന്‌( മറ്റേത്‌ ചെങ്ങന്നൂരിൽ- അവിടെയും ആനക്കാര്യത്തിൽ വലിയ വ്യത്യാസം വരാൻ യാതൊരു സാധ്യതയുമില്ല) ദേവസ്വത്തിന്റെ അധീനതയിലുള്ള ഏറ്റവും മികച്ച നാലാനകളെ കണ്ടെത്താനും കൂടി ഈ ശുഷ്ക്കാന്തി കാണിക്കണമായിരുന്നു. അതില്ലാതെ ഒരു ഭേദപ്പെട്ട ആനയേയും ഒരു കുട്ടിയാനയെയും അയച്ചിട്ട്‌ ബാക്കി രണ്ടെണ്ണത്തിനെ എവിടുന്നെങ്കിലും വാടകയ്ക്കെടുക്കാൻ പറയുകയാണ്‌ ദേവസ്വം അധികൃതർ ചെയ്തത്‌. അങ്ങനെയൊരു സാഹചര്യത്തിൽ ഏതാനും ആനപ്രേമികൾ സ്വന്തം പണം മുടക്കി കൊണ്ടു വന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടു ഗജവീരന്മാരെ അവഗണിക്കാൻ ദേവസ്വം ജീവനക്കാർക്ക്‌ എന്തവകാശമാണുള്ളത്‌?
വിശ്വാസികൾ യഥേഷ്ടം വഴിപാടും കാണിക്ക്യും കൊണ്ടു വരിക, അതെന്തു ചെയ്യുന്നു എന്നോ ക്ഷേത്രത്തിൽ എന്തു നടക്കുന്നു എന്ന് ചോദിച്ചു പോകരുത്‌. അത്‌ ഞങ്ങളുടെ അവകാശം!
രാജഭരണം അവസാനിച്ചിട്ടില്ല, ദേവസ്വം ക്ഷേത്രങ്ങളിലെങ്കിലും!