Saturday, January 10, 2009

ഉത്സാഹക്കൊടിയേറ്റം

ഉത്സവത്തിനു കൊടിയേറ്റമായി. ഒരു ഗ്രാമത്തിന്റെ ആഗ്രഹങ്ങളുടെയും ഉന്മാദത്തിന്റെയും പരകോടിയിലേക്ക്‌ ഉയർന്നു പൊങ്ങിയ വർണ്ണക്കൊടിക്കൂറ. ആൾത്തിരക്ക്‌ കുറവായിരുന്നു എന്നു മാത്രം. കവിയൂരിന്‌ ഇനി ഉത്സവലഹരിയുടെ പത്തു നാളുകൾ. തൃക്കവിയൂരപ്പൻ നാളെ മുതൽ തന്റെ വിശാലമായ ദേശവഴികൾ തൃക്കൺപാർക്കുവാൻ യാത്രയാരംഭിക്കും. യാത്രകളുടെ ദേവത. ഉത്സവത്തിന്റെ ഏറ്റവും സുന്ദരമായ ഒരനുഭൂതി ഏതാനും വർഷം മുനൗ വരെ ഈ ഊരുവലത്തുകളായിരുന്നു. മൂന്നു വർഷം മുൻപ്‌ ഈ എഴുന്നള്ളത്തുകൾ നിർത്തിക്കൊണ്ട്‌ ദേവസ്വം ബോർഡ്‌ ഉത്തരവിട്ടു. തന്ത്രിയുടേതടക്കം നിരവധി അഭിപ്രായങ്ങളെ പരിഗണിച്ചായിരുന്നു ഈ തീരുമാനം. ഉത്സവ ദിവസങ്ങളിൽ മതിലകം വിട്ട്‌ ഊരുചുറ്റാനിറങ്ങുന്ന ഈ യാത്ര ചിലപ്പോൾ പിറ്റേദിവസം ഇറങ്ങേണ്ട നേരമായാലും തിരുച്ചു വരാതിരുന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി. ആഞ്ഞിലിത്താനം കുന്നന്താനം കരകളിലേക്ക്‌ ഒദു ദിവസം ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കിറങ്ങിയാൽ പിറ്റേന്ന് ആ നേരമായാലും തിരിച്ചുവരാൻ കഴിയില്ലായിരുന്നു. വർഷം തോറും ഏറിവരുന്ന പറകളും അൻപൊലികളും ഈ താമസത്തെ വർദ്ധിപ്പിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തായാലും തൃക്കവിയൂരപ്പന്റെ പ്രജകൾ അവരുടെ നാടിലേക്ക്‌ ദേവൻ എഴുന്നള്ളുന്ന ദിവസം നാടണയാൻ കഴിയുന്നത്ര ശ്രമിച്ചിരുന്നു എന്നതാണു വാസ്തവം. പക്ഷേ ഈ സ്നേഹവും ആഘോഷമാർന്ന സ്വീകരണങ്ങളും ഏറ്റു വാങ്ങി തിരിയെ മതിലകത്തെത്തുമ്പോഴേക്കും അവിടെ ആ കെ കലുഷമായിരിക്കും അന്തരീക്ഷം. നിത്യ നിദാനങ്ങൾക്കു പുറമെ ഉത്സവത്തിന്റെ വിശേഷാൽ പൂജകൾക്കും സമയം കണ്ടെത്താൻ ദേവസ്വം അധികൃതർ പാടുപെട്ടു. അങ്ങനെയാണ്‌ എഴുന്നള്ളത്തു നിർത്താൻ തീരുമാനമായത്‌. പക്ഷേ കുന്നംതാനം കരയിൽ നിന്നുയർന്ന പ്രതിഷേധത്തിൽ ദേവസ്വം ബോർഡ്‌ തീരുമാനത്തിൽ അയവുവരുത്തി. എഴുന്നെള്ളത്ത്‌ തുടരാൻ തീരുമാനമായി. പക്ഷേ പറകൾ സ്വീകരിക്കില്ല എന്നായിരുന്നു തീരുമാനം. ഏതായാലും രണ്ടു വർഷമായി എഴുന്നള്ളത്ത്‌ അതാതു ദിവസം തന്നെ തിരിയെ വരുന്നുണ്ട്‌. പറയെടുക്കാതെ ശീഘ്രം പോകുന്നത്‌ ആ എഴുന്നള്ളത്തിന്റെ ഗാംഭീര്യത്തെ കാര്യമായി ബാധിച്ചെന്നു മാത്രം. ഇതാ വീണ്ടും ഒരുത്സവം. വീണ്ടും, കരനിറയെ അതിന്റെ കേളികൾ...... ധനുമാസക്കുളിരിനെ പൊന്നണിയിക്കുന്ന ആഘോഷത്തിമിർപ്പ്‌.....

No comments: