ഉത്സവത്തിലേക്കിനി വിരലെണ്ണിത്തീരാനുള്ള ദിവസങ്ങൾ മാത്രം. ആകാശത്ത് ഉത്സവക്കൊടിയേറ്റമാരംഭിച്ചുകഴിഞ്ഞു, തിരുവാതിര നിലാവിന്റെ. ആ നിലാവ് വളർന്ന് നിറഞ്ഞ് പാൽക്കടലാവുമ്പോൾ കവിയൂരുത്സവത്തിനും കൊടിയേറ്റമാവും. നിറനിലവിന്റെ നിറുകയിലേക്ക് പൊന്നിങ്കൊടിമരത്തിൽ പാറുന്ന കൊടിക്കൂറ പൊട്ടുതൊടും.
എന്നും ഇങ്ങനെയാണ്. ഈ വർഷത്തെ ഉത്സവം ആനപ്പെരുക്കം കൊണ്ട് മനസ്സിൽ വല്ലാത്ത ആധികളും ആവേശവും പകരുന്നെണ്ടെന്നു മാത്രം. വരുന്ന ആനകളിൽ കേമന്മാർ ഏറെ- തിരുവാമ്പാടി ശിവസുന്ദർ, ഗുരുവായൂർ വലിയ കേശവൻ, കോങ്ങാടു കുട്ടിശ്ശങ്കരൻ, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ എന്നിങ്ങനെ ആനകളിലെ മെഗാസ്റ്റാറുകൾ. ദേവസ്വം വകയായി ആറന്മുള മോഹനനുണ്ടെന്ന് അവസാന റിപ്പോർട്ടുകൾ. ഒപ്പം മട്ടന്നൂരിന്റെ മേളം. ആളിരമ്പാൻ ഇതിലേറെ എന്തുവേണം. കഴിഞ്ഞകൊല്ലം വലിയകേശവനും ഈരാറ്റുപേട്ട അയ്യപ്പനും വന്നപ്പോൾത്തന്നെ ആൾ നിറഞ്ഞ് മതിലകത്ത് നിൽക്കാൻ സ്ഥലമില്ലാതായി. അതങ്ങനെയേ വരൂ. കവിയൂർ പള്ളിവേട്ടയ്ക്ക് അല്ലെങ്കിൽത്തന്നെ ആയിരങ്ങൾ മതിലകത്തും മൈതാനത്തും വഴികളിലുമൊക്കെയായി നിറഞ്ഞു കവിയാറുണ്ട്. അപ്പോൾപ്പിനെ ഈ ഗജമേളയും കൂടിയാവുമ്പോൾ.......
പണ്ട് കവിയൂരിൽ ആനയെഴുന്നള്ളത്ത് പതിവില്ലായിരുന്നു എന്നാണു ചരിത്രം. അതായത് നൂറു നുറ്റൻപത് കൊല്ലം മുൻപ്. പിന്നെ തിരുവിതാംകൂർ സർക്കാർ ക്ഷേത്രം ഏറ്റെടുത്തകാലത്തെപ്പോഴോ ആണ് ആനപ്പുറത്ത് എഴുന്നള്ളത്തുകൾ പതിവായത്. കവിയൂരിൽ മാത്രമല്ല, ആറന്മുളയിലും ഇങ്ങനെയായിരുന്നു സ്ഥിതി. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലാവട്ടെ, ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ് ആനകളെ മതിലകത്തു കയറ്റാൻ തുടങ്ങിയത്.
കവിയൂരിൽ പത്തറുപതുകൊല്ലം മുൻപ് പള്ളിവേട്ടദിവസം പത്താനകളെ വരെ എഴുന്നള്ളിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. പിന്നെയത് എട്ടും ആറും പിന്നെ ചിലപ്പോഴൊക്കെ നാലുമായി ചുരുങ്ങി. എന്റെയോർമ്മയിൽ നാല് അല്ലെങ്കിൽ ആറ്. ഒന്നോ രണ്ടോ വർഷം മൂന്നായിക്കുറഞ്ഞതായും ഓർക്കുന്നു. പണ്ട് ഹരിപ്പാട്ടെ വലിയകൊമ്പൻ, ആറന്മുളയിലെ വലിയ കൊമ്പൻ, ഇളവം മഠത്തിലെ വലിയകൊമ്പൻ എന്നിങ്ങനെ പേരുകേട്ട ആനകൾ വന്നിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. എഴുപതുകളിൽ എന്റെ കുട്ടിക്കാലം മുതൽ പ്രധാനതിടമ്പെടുക്കാൻ ഞാൻ കാണുന്നത് തിരുവല്ല ജയചന്ദ്രനെയാണ്. ആ ആന തിരുവല്ലയുടേതെന്നപോലെ കവിയൂരിന്റെയും കൂടിയായിരുന്നു. ചിലകൊല്ലങ്ങളിൽ ആറന്മുള രഘു വരുമ്പോൾ മാത്രമേ അതിന് ഒന്നാം തിടമ്പു നഷ്ടപ്പെട്ടിട്ടുള്ളു. അവശതയായപ്പ്പ്പോൾപ്പൊലും ജയചന്ദ്രനെ അവസാനത്തെ മൂന്നു ദിവസം എഴുന്നള്ളിക്കുമായിരുന്നു കവിയൂരിൽ. ജയചന്ദ്രൻ ചരിഞ്ഞത് പത്തു വർഷം മുൻപാണ്. കരുനാഗപ്പള്ളി മഹാദേവൻ, കരുനാഗപ്പള്ളി സഞ്ജയൻ, മലയാലപ്പുഴ രാജൻ, ആറന്മുള പാർത്ഥൻ, മോഹനൻ, മാവേലിക്കര ഉണ്ണികൃഷ്ണൻ, അമ്പലപ്പുഴ വിജയകൃഷ്ണൻ, മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്നീ ആനകൾ സ്ഥിരക്കാരായിരുന്നു. മൂന്നു വർഷം മുൻപ് പത്തനംതിട്ട ആസ്ഥാനമാക്കി പുതിയൊരു ദേവസ്വം ഡെപ്യൂട്ടിക്കമ്മീഷണർ ഓഫീസ് തുടങ്ങിയതു മുതലാണ് ആനക്ഷാമം തുടങ്ങിയത്. ആകെ കൊള്ളാവുന്ന മൂന്നാനകളേ ഈ ഡെപ്യൂട്ടി കമീഷണറുടെ കീഴിലുള്ളു. കവിയൂരുത്സവം, ചെങ്ങന്നൂരുത്സവം,ആറന്മുളയുത്സവം, ശബരിമല മകരവിളക്ക് ഈ പ്രധാന ഉത്സവങ്ങൾ ഏതാണ്ട് ഒരേ കാലത്തു വരുന്നതോടെ പ്രശ്നം രൂക്ഷമായി. കൂലിയാനയെ വിളിച്ചേ മതിയാകൂ എന്ന സ്ഥിതി വന്നു. ദേവസ്വത്തിലെ തമ്പുരാക്കന്മാർ അവരുടെ മനസ്സിൽ തോന്നുന്ന പരിഷ്കാരങ്ങൾ നടപ്പില വരുത്തിയാലും മഹാക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ തിളക്കം കളയാനാവുന്നില്ല എന്നത് മനസ്സിലാക്കിയാൽ മതിയായിരുന്നു.
ദേവസ്വം ആനയ്ക്ക് അകമ്പടിയിൽ പോലും നല്ല ഒരു സ്ഥാനം കിട്ടാൻ ബുദ്ധിമുട്ടാകുന്ന സ്ഥിതി.
എങ്കിലും ഇത്തവണ ആന ഇത്തിരി കൂടുതലല്ലേ എന്ന ശങ്ക മാറുന്നില്ല.
No comments:
Post a Comment