Tuesday, January 20, 2009

ഉത്സവം കഴിഞ്ഞപ്പോള്‍










നാടാകെ ഒരു ഉത്സവത്തിന്റെ ബാക്കിപത്രം. ആനപ്പിണ്ടം ചിതറി കിടക്കുന്ന റോഡുകള്‍. വന്നതുപോലെ പോയി ഉത്സവം. അതിന്റെ ലഹരി മാറാതെ mഅയങ്ങി കിടക്കുന്ന ഗ്രാമം.




ഒരിടം മാത്രം പതിവുകളിലേക്ക് മടങ്ങി.




ഒട്ടും അസ്വാഭാവികതയില്ലാതെ!




ഉത്സവത്തിന്റെ കേന്ദ്ര ബിന്ദുവായ അമ്പലം.




ഉത്സവചിത്രങ്ങള്‍ ചിലത് ഉണ്ണിയുടെ ക്യാമറ പകര്‍ത്തിയത്....

Tuesday, January 13, 2009

ഉത്സവം വളരുമ്പോള്‍

ഇന്ന്‍ നാലാം ഉത്സവം. ഉത്സവത്തിന്റെ ലഹരി മെല്ലെ ദേശവഴികളിലാകമാനം പടരുന്നു. മതിലകത്തുനിന്നും ആനപുറത്ത് ഊരുവലത്തിന് എഴുന്നളുന്ന ദേവന്‍ ഉത്സവച്ചൈതന്യം നാട്ടില്‍ നിറയ്കുന്നു.

ഉത്സവം വളരുന്നു. ക്ഷേത്ര പരിസരത്ത് വിളക്കുകളും വാണിഭങ്ങളും നിറയുന്നു....

Saturday, January 10, 2009

ഉത്സാഹക്കൊടിയേറ്റം

ഉത്സവത്തിനു കൊടിയേറ്റമായി. ഒരു ഗ്രാമത്തിന്റെ ആഗ്രഹങ്ങളുടെയും ഉന്മാദത്തിന്റെയും പരകോടിയിലേക്ക്‌ ഉയർന്നു പൊങ്ങിയ വർണ്ണക്കൊടിക്കൂറ. ആൾത്തിരക്ക്‌ കുറവായിരുന്നു എന്നു മാത്രം. കവിയൂരിന്‌ ഇനി ഉത്സവലഹരിയുടെ പത്തു നാളുകൾ. തൃക്കവിയൂരപ്പൻ നാളെ മുതൽ തന്റെ വിശാലമായ ദേശവഴികൾ തൃക്കൺപാർക്കുവാൻ യാത്രയാരംഭിക്കും. യാത്രകളുടെ ദേവത. ഉത്സവത്തിന്റെ ഏറ്റവും സുന്ദരമായ ഒരനുഭൂതി ഏതാനും വർഷം മുനൗ വരെ ഈ ഊരുവലത്തുകളായിരുന്നു. മൂന്നു വർഷം മുൻപ്‌ ഈ എഴുന്നള്ളത്തുകൾ നിർത്തിക്കൊണ്ട്‌ ദേവസ്വം ബോർഡ്‌ ഉത്തരവിട്ടു. തന്ത്രിയുടേതടക്കം നിരവധി അഭിപ്രായങ്ങളെ പരിഗണിച്ചായിരുന്നു ഈ തീരുമാനം. ഉത്സവ ദിവസങ്ങളിൽ മതിലകം വിട്ട്‌ ഊരുചുറ്റാനിറങ്ങുന്ന ഈ യാത്ര ചിലപ്പോൾ പിറ്റേദിവസം ഇറങ്ങേണ്ട നേരമായാലും തിരുച്ചു വരാതിരുന്ന സാഹചര്യത്തിലായിരുന്നു ഈ നടപടി. ആഞ്ഞിലിത്താനം കുന്നന്താനം കരകളിലേക്ക്‌ ഒദു ദിവസം ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കിറങ്ങിയാൽ പിറ്റേന്ന് ആ നേരമായാലും തിരിച്ചുവരാൻ കഴിയില്ലായിരുന്നു. വർഷം തോറും ഏറിവരുന്ന പറകളും അൻപൊലികളും ഈ താമസത്തെ വർദ്ധിപ്പിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തായാലും തൃക്കവിയൂരപ്പന്റെ പ്രജകൾ അവരുടെ നാടിലേക്ക്‌ ദേവൻ എഴുന്നള്ളുന്ന ദിവസം നാടണയാൻ കഴിയുന്നത്ര ശ്രമിച്ചിരുന്നു എന്നതാണു വാസ്തവം. പക്ഷേ ഈ സ്നേഹവും ആഘോഷമാർന്ന സ്വീകരണങ്ങളും ഏറ്റു വാങ്ങി തിരിയെ മതിലകത്തെത്തുമ്പോഴേക്കും അവിടെ ആ കെ കലുഷമായിരിക്കും അന്തരീക്ഷം. നിത്യ നിദാനങ്ങൾക്കു പുറമെ ഉത്സവത്തിന്റെ വിശേഷാൽ പൂജകൾക്കും സമയം കണ്ടെത്താൻ ദേവസ്വം അധികൃതർ പാടുപെട്ടു. അങ്ങനെയാണ്‌ എഴുന്നള്ളത്തു നിർത്താൻ തീരുമാനമായത്‌. പക്ഷേ കുന്നംതാനം കരയിൽ നിന്നുയർന്ന പ്രതിഷേധത്തിൽ ദേവസ്വം ബോർഡ്‌ തീരുമാനത്തിൽ അയവുവരുത്തി. എഴുന്നെള്ളത്ത്‌ തുടരാൻ തീരുമാനമായി. പക്ഷേ പറകൾ സ്വീകരിക്കില്ല എന്നായിരുന്നു തീരുമാനം. ഏതായാലും രണ്ടു വർഷമായി എഴുന്നള്ളത്ത്‌ അതാതു ദിവസം തന്നെ തിരിയെ വരുന്നുണ്ട്‌. പറയെടുക്കാതെ ശീഘ്രം പോകുന്നത്‌ ആ എഴുന്നള്ളത്തിന്റെ ഗാംഭീര്യത്തെ കാര്യമായി ബാധിച്ചെന്നു മാത്രം. ഇതാ വീണ്ടും ഒരുത്സവം. വീണ്ടും, കരനിറയെ അതിന്റെ കേളികൾ...... ധനുമാസക്കുളിരിനെ പൊന്നണിയിക്കുന്ന ആഘോഷത്തിമിർപ്പ്‌.....

Sunday, January 4, 2009

നിലാവ്‌ കൊടിയേറുന്നു ,ഉത്സവത്തിലേക്ക്‌

ഉത്സവത്തിലേക്കിനി വിരലെണ്ണിത്തീരാനുള്ള ദിവസങ്ങൾ മാത്രം. ആകാശത്ത്‌ ഉത്സവക്കൊടിയേറ്റമാരംഭിച്ചുകഴിഞ്ഞു, തിരുവാതിര നിലാവിന്റെ. ആ നിലാവ്‌ വളർന്ന് നിറഞ്ഞ്‌ പാൽക്കടലാവുമ്പോൾ കവിയൂരുത്സവത്തിനും കൊടിയേറ്റമാവും. നിറനിലവിന്റെ നിറുകയിലേക്ക്‌ പൊന്നിങ്കൊടിമരത്തിൽ പാറുന്ന കൊടിക്കൂറ പൊട്ടുതൊടും.
എന്നും ഇങ്ങനെയാണ്‌. ഈ വർഷത്തെ ഉത്സവം ആനപ്പെരുക്കം കൊണ്ട്‌ മനസ്സിൽ വല്ലാത്ത ആധികളും ആവേശവും പകരുന്നെണ്ടെന്നു മാത്രം. വരുന്ന ആനകളിൽ കേമന്മാർ ഏറെ- തിരുവാമ്പാടി ശിവസുന്ദർ, ഗുരുവായൂർ വലിയ കേശവൻ, കോങ്ങാടു കുട്ടിശ്ശങ്കരൻ, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ എന്നിങ്ങനെ ആനകളിലെ മെഗാസ്റ്റാറുകൾ. ദേവസ്വം വകയായി ആറന്മുള മോഹനനുണ്ടെന്ന് അവസാന റിപ്പോർട്ടുകൾ. ഒപ്പം മട്ടന്നൂരിന്റെ മേളം. ആളിരമ്പാൻ ഇതിലേറെ എന്തുവേണം. കഴിഞ്ഞകൊല്ലം വലിയകേശവനും ഈരാറ്റുപേട്ട അയ്യപ്പനും വന്നപ്പോൾത്തന്നെ ആൾ നിറഞ്ഞ്‌ മതിലകത്ത്‌ നിൽക്കാൻ സ്ഥലമില്ലാതായി. അതങ്ങനെയേ വരൂ. കവിയൂർ പള്ളിവേട്ടയ്ക്ക്‌ അല്ലെങ്കിൽത്തന്നെ ആയിരങ്ങൾ മതിലകത്തും മൈതാനത്തും വഴികളിലുമൊക്കെയായി നിറഞ്ഞു കവിയാറുണ്ട്‌. അപ്പോൾപ്പിനെ ഈ ഗജമേളയും കൂടിയാവുമ്പോൾ.......
പണ്ട്‌ കവിയൂരിൽ ആനയെഴുന്നള്ളത്ത്‌ പതിവില്ലായിരുന്നു എന്നാണു ചരിത്രം. അതായത്‌ നൂറു നുറ്റൻപത്‌ കൊല്ലം മുൻപ്‌. പിന്നെ തിരുവിതാംകൂർ സർക്കാർ ക്ഷേത്രം ഏറ്റെടുത്തകാലത്തെപ്പോഴോ ആണ്‌ ആനപ്പുറത്ത്‌ എഴുന്നള്ളത്തുകൾ പതിവായത്‌. കവിയൂരിൽ മാത്രമല്ല, ആറന്മുളയിലും ഇങ്ങനെയായിരുന്നു സ്ഥിതി. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലാവട്ടെ, ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്‌ ആനകളെ മതിലകത്തു കയറ്റാൻ തുടങ്ങിയത്‌.
കവിയൂരിൽ പത്തറുപതുകൊല്ലം മുൻപ്‌ പള്ളിവേട്ടദിവസം പത്താനകളെ വരെ എഴുന്നള്ളിക്കുമെന്നാണ്‌ പഴമക്കാർ പറയുന്നത്‌. പിന്നെയത്‌ എട്ടും ആറും പിന്നെ ചിലപ്പോഴൊക്കെ നാലുമായി ചുരുങ്ങി. എന്റെയോർമ്മയിൽ നാല്‌ അല്ലെങ്കിൽ ആറ്‌. ഒന്നോ രണ്ടോ വർഷം മൂന്നായിക്കുറഞ്ഞതായും ഓർക്കുന്നു. പണ്ട്‌ ഹരിപ്പാട്ടെ വലിയകൊമ്പൻ, ആറന്മുളയിലെ വലിയ കൊമ്പൻ, ഇളവം മഠത്തിലെ വലിയകൊമ്പൻ എന്നിങ്ങനെ പേരുകേട്ട ആനകൾ വന്നിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്‌. എഴുപതുകളിൽ എന്റെ കുട്ടിക്കാലം മുതൽ പ്രധാനതിടമ്പെടുക്കാൻ ഞാൻ കാണുന്നത്‌ തിരുവല്ല ജയചന്ദ്രനെയാണ്‌. ആ ആന തിരുവല്ലയുടേതെന്നപോലെ കവിയൂരിന്റെയും കൂടിയായിരുന്നു. ചിലകൊല്ലങ്ങളിൽ ആറന്മുള രഘു വരുമ്പോൾ മാത്രമേ അതിന്‌ ഒന്നാം തിടമ്പു നഷ്ടപ്പെട്ടിട്ടുള്ളു. അവശതയായപ്പ്പ്പോൾപ്പൊലും ജയചന്ദ്രനെ അവസാനത്തെ മൂന്നു ദിവസം എഴുന്നള്ളിക്കുമായിരുന്നു കവിയൂരിൽ. ജയചന്ദ്രൻ ചരിഞ്ഞത്‌ പത്തു വർഷം മുൻപാണ്‌. കരുനാഗപ്പള്ളി മഹാദേവൻ, കരുനാഗപ്പള്ളി സഞ്ജയൻ, മലയാലപ്പുഴ രാജൻ, ആറന്മുള പാർത്ഥൻ, മോഹനൻ, മാവേലിക്കര ഉണ്ണികൃഷ്ണൻ, അമ്പലപ്പുഴ വിജയകൃഷ്ണൻ, മുല്ലയ്ക്കൽ ബാലകൃഷ്ണൻ എന്നീ ആനകൾ സ്ഥിരക്കാരായിരുന്നു. മൂന്നു വർഷം മുൻപ്‌ പത്തനംതിട്ട ആസ്ഥാനമാക്കി പുതിയൊരു ദേവസ്വം ഡെപ്യൂട്ടിക്കമ്മീഷണർ ഓഫീസ്‌ തുടങ്ങിയതു മുതലാണ്‌ ആനക്ഷാമം തുടങ്ങിയത്‌. ആകെ കൊള്ളാവുന്ന മൂന്നാനകളേ ഈ ഡെപ്യൂട്ടി കമീഷണറുടെ കീഴിലുള്ളു. കവിയൂരുത്സവം, ചെങ്ങന്നൂരുത്സവം,ആറന്മുളയുത്സവം, ശബരിമല മകരവിളക്ക്‌ ഈ പ്രധാന ഉത്സവങ്ങൾ ഏതാണ്ട്‌ ഒരേ കാലത്തു വരുന്നതോടെ പ്രശ്നം രൂക്ഷമായി. കൂലിയാനയെ വിളിച്ചേ മതിയാകൂ എന്ന സ്ഥിതി വന്നു. ദേവസ്വത്തിലെ തമ്പുരാക്കന്മാർ അവരുടെ മനസ്സിൽ തോന്നുന്ന പരിഷ്കാരങ്ങൾ നടപ്പില വരുത്തിയാലും മഹാക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ തിളക്കം കളയാനാവുന്നില്ല എന്നത്‌ മനസ്സിലാക്കിയാൽ മതിയായിരുന്നു.
ദേവസ്വം ആനയ്ക്ക്‌ അകമ്പടിയിൽ പോലും നല്ല ഒരു സ്ഥാനം കിട്ടാൻ ബുദ്ധിമുട്ടാകുന്ന സ്ഥിതി.
എങ്കിലും ഇത്തവണ ആന ഇത്തിരി കൂടുതലല്ലേ എന്ന ശങ്ക മാറുന്നില്ല.