


കഴിഞ്ഞുപോവുന്ന ഓരോ ഉത്സവത്തിനും ശേഷിപ്പിക്കാൻ കഴിയുന്ന ചില നിറങ്ങളും നൊമ്പരങ്ങളും ഉണ്ട്.
ഹനുമത്ജയന്തി അവസാനിച്ചപ്പോഴും അതുതന്നെയാണ് അവസ്ഥ. അതിന്റെ നിറപ്പകിട്ട് അത്ര ഗംഭീരമെന്നു പറയാനാവില്ലെങ്കിലും ആ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന പുരുഷാരം ഒരു കാഴ്ച തന്നെയാണ്. ഈ വർഷം വൈകുന്നേരത്തെ തിരക്ക് അൽപം കുറവായിരുന്നു എന്നുമാത്രം. ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്. പ്രത്യേകിച്ചും ഹനുമത്ജയന്തി ഉത്സവത്തിന് മുന്നോടിയായി വരുന്ന കൊല്ലങ്ങളിൽ.
എങ്കിലും അതിന് അതിന്റേതായ രീതിയിൽ ഒരാവേശം പകരാൻ സാധിക്കുന്നു, എപ്പോളും.
എന്താണ് ഹനുമത്ജയന്തി എന്ന് കവിയൂരിനു പുറത്തുള്ളവർ വിശദീകരണം തേടിയേക്കാം. അവർക്കു വേണ്ടിപ്പറയട്ടെ, ഹനുമത് ജയന്തി കവിയൂരെന്ന ഗ്രാമത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ഉത്സവമാണ്. കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉപദേവനായ ഹനുമാന് ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ പ്രധാനദേവനോളം തന്നെ ബഹുമാനം കൊടുക്കുന്നു. അതിന്റെ തെളിവാണ് വർഷം തോറും ധനുമാസത്തിലെ മൂലം നക്ഷത്രത്തിൽ കൊണ്ടാടുന്ന ഹനുമത്ജയന്തി ഉത്സവം. പകൽ കളഭാഭിഷേകവും രാത്രിയിൽ പുഷ്പാഭിഷേകവും തൊഴാൻ നാനാദേശങ്ങളിൽ നിന്നും ഹനുമത് ഭക്തരെത്തുന്നു. രാത്രിയിൽ അഭിഷേകം ചെയ്യാനുള്ള പൂക്കൾ ഒരു സ്വർണ്ണക്കുടത്തിൽ നിറച്ച് ഒരുകിലോമീറ്റർ കിഴക്കുള്ള ഞാലിയിൽ ഭഗവതിക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച രഥത്തിൽ മഹാക്ഷേത്രത്തിലേക്കാനയിക്കുന്നു. ചടങ്ങിത്രയേ ഉള്ളു എങ്കിലും ഈ ഘോഷയാത്ര ഒരു കിലോമീറ്റർ ദൂരം തരണം ചെയ്യാൻ ഈ വർഷം എടുത്തത് അഞ്ചര മണിക്കൂറിലേറെ സമയമാണ്. വഴിയോരത്ത് തടിച്ചുകൂടുന്ന ജനങ്ങൾ, പതിനെട്ടാം പടിയിലും കിഴക്കേ മൈതാനത്തും നിറഞ്ഞു കവിയുന്ന ജനങ്ങൾ, ഇതിനെല്ലാമിടയിലൂടെ ജനകീയമായ ആഘോഷങ്ങളോടെ മെല്ലെ നീങ്ങുന്ന പുഷ്പരഥം- ഹനുമത്ജയന്തി സന്ധ്യയിലെ കാഴ്ച്ചകൾ ഇങ്ങനെ നീളുന്നു.
ഇനി വരാൻ പോകുന്നത് വലിയുത്സവത്തിന്റെ പത്തു നാളുകൾ. ധനുമാസത്തിരുവാതിരയ്ക്കു കൊടിയേറി ദേശവഴികളെയാകെ പ്രകമ്പനം കൊള്ളിച്ച് മതിലകത്ത് നാലുദിവസം മുറുകി, കാലം കൂടുന്ന കവിയൂരിന്റെ ഉത്സവം.......
മഞ്ഞ്, കുളിര്, നിലാവ് ഉത്സവലഹരി........
No comments:
Post a Comment