Wednesday, December 31, 2008

എന്തിനുത്സവം?

എന്തിന്‌
മഞ്ഞുപടരുന്ന രാവുകളുടെ ലഹരി.....
എന്തിന്‌ കാമ്യവേഷങ്ങളുടെ പ്രണയ സൗരഭം....
എന്തിന്‌ ഉത്സവക്കൊടിയേറ്റം
ആരും ഉത്തരം പറയാത്തചോദ്യങ്ങളുടെ എഴുന്നള്ളത്ത്‌.....
ഉത്സവം വരവായി.
എനിക്കുത്സവം കവിയൂരുത്സവം തന്നെ. ആറാട്ടുപുഴപ്പൂരവും തൃപ്പൂണിത്തുറ വലിയവിളക്കും കണ്ട ലഹരിയിലും മനക്കണ്ണിൽ കവിയൂരുത്സവത്തിന്റെ തരള സ്വപ്നം മായുന്നില്ല.
ഉത്സവം എന്നും കേരളീയത എന്നും കൊട്ടിഘോഷിക്കുന്നതു പലതും വടക്കൻകേരളത്തിന്റെ സ്വന്തമായിപ്പോയി.
ഇതിനെയെല്ലാം ഇത്തരത്തിൽ ആക്കിയെടുത്ത കേരളത്തിലെ മാധ്യമങ്ങൾ തെക്കങ്കേരളത്തിന്റെ ആറന്മുളയെയും അമ്പലപ്പുഴയെയും ചെങ്ങന്നൂരിനെയും കവിയൂരിനെയും കാണാതെപോയി.
ഉത്സവങ്ങൾക്കും വലിപ്പച്ചെറുപ്പം.....
തെക്കൻ കേരളത്തിനും ഒരു സംസ്കാരമുണ്ട്‌. കേരളത്തെ പരശ്വാറാമൻ സൃഷ്ടിച്ചതാണെങ്കിൽ അതിന്റെ തെക്കേയറ്റത്ത്‌ കവിയൂരും തിരുവല്ലയും ആറന്മുളയും ചെങ്ങന്നൂരുമുണ്ട്‌, ഇവിടെല്ലാം ആയിരത്താണ്ടിന്റെ പഴക്കം പേറുന്ന മഹാക്ഷേത്രങ്ങളുണ്ട്‌. അവയ്ക്ക്‌ ഏതു മഹാക്ഷേത്രത്തെയും അതിശയിക്കാവുന്ന ശിൽപചാതുരിയുണ്ട്‌. ഏതു രാജാവിനെയും വെല്ലുവിളിക്കാൻ പാകത്തിൽ സമ്പത്തും പ്രൗഢിയുമുണ്ടായിരുന്നു.
എങ്കിലും കലണ്ടറുകളിലും മാധ്യമപ്രചാരങ്ങളിലും വടക്കൻ കേരളത്തിന്റെ മഹിമകളേയുള്ളു.
നാലു പതിറ്റണ്ടിലേറെ കവിയൂരുത്സവത്തിന്റെ ഭാഗമാവുകയും രണ്ട്‌ പതിറ്റാണ്ടിന്നിടയിൽ പലകുറി വടക്കൻ കേരളത്തിലെ പല മഹാക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും കറങ്ങിത്തിരിയുകയും ചെയ്ത ശക്തിയോടെ പറയട്ടെ,
എന്റെ നാടിന്റെ ഉത്സവവും കേമമാണ്‌
അതിനു ചരിത്രമുണ്ട്‌....
പ്രൗഢിയും........

Tuesday, December 30, 2008

പുരുഷാരത്തിന്റെ അകമ്പടി,ഉത്സവത്തിന്റെ നിറങ്ങൾ




കഴിഞ്ഞുപോവുന്ന ഓരോ ഉത്സവത്തിനും ശേഷിപ്പിക്കാൻ കഴിയുന്ന ചില നിറങ്ങളും നൊമ്പരങ്ങളും ഉണ്ട്‌.
ഹനുമത്ജയന്തി അവസാനിച്ചപ്പോഴും അതുതന്നെയാണ്‌ അവസ്ഥ. അതിന്റെ നിറപ്പകിട്ട്‌ അത്ര ഗംഭീരമെന്നു പറയാനാവില്ലെങ്കിലും ആ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന പുരുഷാരം ഒരു കാഴ്ച തന്നെയാണ്‌. ഈ വർഷം വൈകുന്നേരത്തെ തിരക്ക്‌ അൽപം കുറവായിരുന്നു എന്നുമാത്രം. ചിലപ്പോൾ അങ്ങനെ സംഭവിക്കാറുണ്ട്‌. പ്രത്യേകിച്ചും ഹനുമത്ജയന്തി ഉത്സവത്തിന്‌ മുന്നോടിയായി വരുന്ന കൊല്ലങ്ങളിൽ.
എങ്കിലും അതിന്‌ അതിന്റേതായ രീതിയിൽ ഒരാവേശം പകരാൻ സാധിക്കുന്നു, എപ്പോളും.
എന്താണ്‌ ഹനുമത്ജയന്തി എന്ന് കവിയൂരിനു പുറത്തുള്ളവർ വിശദീകരണം തേടിയേക്കാം. അവർക്കു വേണ്ടിപ്പറയട്ടെ, ഹനുമത്‌ ജയന്തി കവിയൂരെന്ന ഗ്രാമത്തെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ഉത്സവമാണ്‌. കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉപദേവനായ ഹനുമാന്‌ ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ പ്രധാനദേവനോളം തന്നെ ബഹുമാനം കൊടുക്കുന്നു. അതിന്റെ തെളിവാണ്‌ വർഷം തോറും ധനുമാസത്തിലെ മൂലം നക്ഷത്രത്തിൽ കൊണ്ടാടുന്ന ഹനുമത്ജയന്തി ഉത്സവം. പകൽ കളഭാഭിഷേകവും രാത്രിയിൽ പുഷ്പാഭിഷേകവും തൊഴാൻ നാനാദേശങ്ങളിൽ നിന്നും ഹനുമത്‌ ഭക്തരെത്തുന്നു. രാത്രിയിൽ അഭിഷേകം ചെയ്യാനുള്ള പൂക്കൾ ഒരു സ്വർണ്ണക്കുടത്തിൽ നിറച്ച്‌ ഒരുകിലോമീറ്റർ കിഴക്കുള്ള ഞാലിയിൽ ഭഗവതിക്ഷേത്രത്തിൽ നിന്നും അലങ്കരിച്ച രഥത്തിൽ മഹാക്ഷേത്രത്തിലേക്കാനയിക്കുന്നു. ചടങ്ങിത്രയേ ഉള്ളു എങ്കിലും ഈ ഘോഷയാത്ര ഒരു കിലോമീറ്റർ ദൂരം തരണം ചെയ്യാൻ ഈ വർഷം എടുത്തത്‌ അഞ്ചര മണിക്കൂറിലേറെ സമയമാണ്‌. വഴിയോരത്ത്‌ തടിച്ചുകൂടുന്ന ജനങ്ങൾ, പതിനെട്ടാം പടിയിലും കിഴക്കേ മൈതാനത്തും നിറഞ്ഞു കവിയുന്ന ജനങ്ങൾ, ഇതിനെല്ലാമിടയിലൂടെ ജനകീയമായ ആഘോഷങ്ങളോടെ മെല്ലെ നീങ്ങുന്ന പുഷ്പരഥം- ഹനുമത്ജയന്തി സന്ധ്യയിലെ കാഴ്ച്ചകൾ ഇങ്ങനെ നീളുന്നു.
ഇനി വരാൻ പോകുന്നത്‌ വലിയുത്സവത്തിന്റെ പത്തു നാളുകൾ. ധനുമാസത്തിരുവാതിരയ്ക്കു കൊടിയേറി ദേശവഴികളെയാകെ പ്രകമ്പനം കൊള്ളിച്ച്‌ മതിലകത്ത്‌ നാലുദിവസം മുറുകി, കാലം കൂടുന്ന കവിയൂരിന്റെ ഉത്സവം.......
മഞ്ഞ്‌, കുളിര്‌, നിലാവ്‌ ഉത്സവലഹരി........

Wednesday, December 24, 2008

വരവായി ഉത്സവകാലം

ധനുമാസം. കുളിര്‌. നനുത്ത ചൂടിന്റെ പകലുകൾ. നിറം നിറഞ്ഞ സന്ധ്യകൾ. ഉത്സവകാലത്തിന്റെ വരവാണ്‌!
ഹനുമത്ജയന്തി ആഘോഷത്തിനായി ഒരുക്കങ്ങളെല്ലാമായി. വഴിയോരങ്ങൾ കാടുതെളിഞ്ഞ്‌ മിനുങ്ങി. അമ്പലത്തിലേക്കുള്ള വഴി തോരണങ്ങൾ ചാർത്തി വിളങ്ങുന്നു.
ശനിയാഴ്ച ഹനുമത്ജയന്തിയാണ്‌. ഞാലിക്കണ്ടം മുതൽ കിഴക്കേ നടവരെയുള്ള വഴി ജനങ്ങൾ നിറഞ്ഞ്‌ ഒഴുകുന്ന ദിനത്തിലേക്ക്‌ തയ്യാറെടുക്കുകയാണ്‌.
വീണ്ടും പതിനഞ്ചുദിവസം കൂടിയുണ്ട്‌ ഉത്സവത്തിന്‌. ലഹരിയാർന്ന ഉത്സവകാലത്തിന്‌.
പിന്നെ കവിയൂരിന്റെയും സമീപഗ്രാമങ്ങളുടെയും വഴികളിലൂടെ തേവരുടെ പ്രൗഢഗംഭീരമായ എഴുന്നള്ളത്തിന്റെ ലഹരിയിൽ ആറാടും. പള്ളിവേട്ടയ്ക്കിത്തവണ ആനകൾ ഏതൊക്കെയാണ്‌!
തിരുവാമ്പാടി ശിവസുന്തർ
ഗുരുവായൂർ വലിയകേശവൻ
കോങ്ങാടു കുട്ടിശ്ശങ്കരൻ
പാമ്പാടി രാജൻ
ഈരാറ്റുപേട്ട അയ്യപ്പൻ
പിന്നെ ചില ഇടത്തരക്കാരും
മട്ടന്നൂരിന്റെ മേളം മേമ്പൊടി
കവിയൂരിന്‌ ഉത്സവഭ്രാന്തു പിടിക്കാൻ ഇതിലേറെയെന്തു വേണം!