Sunday, January 8, 2012

ഉത്സവത്തുടക്കം

അങ്ങി നെഉത്സവം വന്നു. കൊടിയേറ്റിന് വര്‍ഷങ്ങള്‍ക്കു ശേഷമാണിത്രയും തിരക്ക്. ഇനി ഉത്സവത്തി ന്റെ നാളുകള്‍. പക്ഷേ , ഉത്സവം എങ്ങിനെയൊക്കെയായിരിക്കും ? ഉത്സവത്തെക്കുറിച്ച് അധികം സങ്കല്‍പങ്ങളുള്ളതായിരിക്കാം എന്റെപ്രശ്നം . കവിയൂരിന്റെ ഉത്സവത്തിന്റെ പഴയശോഭകളെക്കുറിച്ചുള്ള കേട്ടറിവുകള്‍!
ഇക്കൊല്ലത്തെ ഉത്സവത്തിന് ഉപയോഗിക്കുന്ന പണവും പ്രയത്നവും ഉണ്ടെങ്കില്‍ പഴയരീതിയിലേക്ക് ഉത്സവപ്പകിട്ടുകള്‍ എത്തിക്കാന്‍ വിഷമമില്ല. പക്ഷേ, പലരുടെയും അഭിപ്രായത്തിന്റയും പ്രയത്നത്തിന്റെയും അര്‍ഥം മറ്റെന്തോ ആകുന്നു. അതൊരു കുറ്റമായിക്കാണുകയല്ല. പുതിയ പുതിയ ട്രെന്ഡുകള്‍ പലതും യഥാര്‍ഥ അവസ്ഥയിലേക്ക് എത്തിനോക്കാന്‍ പോലും താത്പര്യമില്ലാത്ത പ്രവൃത്തികളാണെന്നു നാം തിരിച്ചരിയുന്നില്ലെന്നസങ്കടം പ്രകടിപ്പിച്ചെന്നേയുള്ളു. കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാതെ ചെയ്യുന്നപ്രവൃത്തി വെറും കാട്ടിക്കൂട്ടല്‍ മാത്രമായിപ്പോകുന്നു. മൂന്നുവര്‍ഷം മുന്‍പുനടന് ന കാട്ടിക്കൂട്ടല്‍ കെട്ടുകാഴ്ചയു ടെ ക്ഷീണം ഇന്നും പൂര്‍ണ്ണമായി മാറിയിട്ടില്ല എന്നതും ചിന്തിക്കണം.
കവിയൂരിലേതെന്നല്ല, ഏതു മഹാക്ഷേത്രത്തിലെയും ഉത്സവം വെറുമൊരുകെട്ടുകാഴ്ചയല്ല. നൂറ്റാണ്ടുകളിലൂടെഉരുത്തിരിഞ്ഞുവന്നതാണ് പലചടങ്ങുകളും. നടക്കുന്നസ്ഥലം, അതിന്റെ പശ്ചാത്തലം, സമയം ഒക്കെ അറിഞ്ഞുതന്നെവേണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നിനെ കൈകാര്യം ചെയ്യാന്‍.
കവിയൂരുത്സവത്തിന് എട്ടോ പത്തോ പന്ത്രണ്ടോ വരെ ആനകള്‍ എഴുന്നള്ളിക്കപെടുമായിരുന്നു എന്നാണറിവ് (ഒന്പതാം ഉത്സവത്തി നുമാത്രമല്ല! ഒന്നു മുതല്‍ ഒന്പതുവരെ ഉത്സവത്തിന്റെ ചടങ്ങുകള്‍ ക്രമമാ യി വികസിക്കുന്ന രീതിയിലായിരുന്നു അന്നത്തെ സംവിധാനം. ഒന്പതാം ഉത്സവമാകട്ടെ കവിയൂര്‍ ക്ഷേത്രത്തിന്റെ സകലപ്രൗഢികളെയും സമന്വയിപ്പിക്കുന്ന ഒന്നായിരുന്നു താനും). ആള്‍ത്തിരക്കും അതുപോലെയായിരുന്നു. ( ഒ രു പഴമക്കാരന്‍ പറഞ്ഞത്, പള്ളിവേട്ടദിവസം വെളുപ്പി നെ ഞാലീക്കണ്ടം കവലയില്‍ മാത്രം ഇരുപതിനായിരത്തില്പരം കട്ടന്‍കാപ്പി വില്കപ്പെടുമായിരുന്നു എന്നാണ്. പള്ളിവേട്ടയെഴുന്നള്ളത്തു കണ്ടുമടങ്ങുന്നവര്‍ക്കു വേണ്ടി!). മണിമല -പമ്പാതടത്തിലെ ഏറ്റവും വലിയ ഉത്സവങ്ങള്‍- ആറന്മുള അഞ്ചാം പുറപ്പാട്, കവിയൂര്‍ പള്ളിവേട്ട, ചെങ്ങന്നൂര്‍ ആറാട്ട്, തിരുവല്ല ഉത്രശീവേലി എന്നിങ്ങനെ പഴമക്കാര്‍ നാലെണ്ണം  നിരത്തിപ്പറയുമായിരുന്നു. ആചാരപ്പൊലിമയും ഗാംഭീര്യവും തന്നെയായിരുന്നു ഈ നാലുത്സവങ്ങളളെയും വേറിട്ടു നിര്‍ത്തിയത്. കാലപ്രവാഹത്തില്‍ എപ്പോഴോ ദേവസ്വത്തിന് ഉത്സവങ്ങള്‍ പഴയ പൊലിപ്പോടെനടത്താനാവാ തെവന്നപ്പോള്‍ ഈ ഉത്സവങ്ങളുടെയും പൊലിമയും വ്യാപ്തിയും നഷ്ടപ്പെട്ടു പിന്നെഅവശേഷിക്കുന്നത് പഴയതി ന്റെനിഴല്‍ മാത്രമാണ്. ആ നിഴലുകളെ എങ്ങനെ കാലാനുസൃതമായി പൊലിപ്പിച്ചെടുക്കാം എന്ന ചോദ്യമാണ് ഈ സ്ഥലങ്ങളിലെയെല്ലാം ഉത്സവനടത്തിപ്പുകാരെ അലട്ടുന്ന മുഖ്യപ്രശ്നം.
 അങ്ങനെയാരോകണ്ടെത്തിയ മറുപടിയാണ് തൃശ്ശൂര്പൂരം മോഡലിലുള്ള ഗജമേളയും മറ്റും.
ഇവിടെ ആലോചനയില്‍ വരാന്‍ ബോധപൂര്‍വം അനുവദിക്കാത്ത ചിലസത്യങ്ങളുണ്ട്.ട് . ഒന്നാമതായി പുരങ്ങള്‍ പൊതുവേ മതില്കകങ്ങളിലല്ല നടക്കുന്നത്. വിശാലമാ യവെളിയിടങ്ങളിലാണ്. ഒരു കിലോമീറ്ററോളം വീതിയും രണ്ടുകിലോമീറ്ററില്‍ കുറയാതെ നീളവുമുള്ള ആറാട്ടുപുഴപ്പാടത്തെ പൂരത്തെ എങ്ങനെ രണ്ടേക്കര്‍ മാത്രം വിസ്താരമുള്ള കവിയൂരമ്പലത്തിന്റെ മതില്കകത്ത് പറിച്ചുനടാനാവും? തൃശ്ശൂരിലെയും നെമാറയിലെയും കാവശ്ശേരിയിലെയുമൊക്കെ പൂരപ്പറമ്പുകള്‍ അതിവിശാലമാണ് . ലക്ഷക്കണക്കിന് ആളുകളെയും മുപ്പതോ നാല്പ തോ നൂറോ ആനകളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വിശാലം. ക്ഷേത്രമതിലകത്ത് അത്തരമൊ രുകൂടിക്കാഴ്ചയ്ക്ക്സ്ഥലമില്ല . അത് അതിനുള്ള വേദിയുമല്ല. എട്ടേക്കര്‍ വിസ്തൃതിയുള്ള വൈക്കത്ത്എഴുന്നള്ളത്തി ന് ഒന്പതാനകളെ മാത്രം പങ്കെടുപ്പിക്കുന്നത് അതിന്റെ ആചാരത്തില്‍ അത്രത്തിന്റെ ആവശ്യമേയുള്ളു എന്നതിനാലാണ്. നഗരമധ്യത്തിലുള്ള വൈക്കത്ത് ഇപ്പോഴത്തെ വിഭവശേഷി വച്ച് പതിന ഞ്ചോഇരുപത്തിയൊന്നോ ആനകളെ നിഷ്പ്രയാസം എഴുന്നള്ളിക്കാം. പക് ഷേ ജനക്കൂട്ടത്തെ മറക്കണമെന്നു മാത്രം.
കവിയൂരിലേത് അങ്കുരാദി ഉത്സവമാണ്. മുളയിട്ട് അതിന്റേതായ അനുഷ്ഠാന ഗാമ്ഭീര്യത്തോടെ നടത്തുന്ന ഒന്ന്. അതിനെ വെറും പടഹാദി( പുരം പോലെ ആനയ്ക്കും മേളത്തിനും വെടിക്കെട്ടിനും മാത്രം പ്രാധാന്യമുള്ളത്) ഉത്സവമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ദയനീയമായ ഒരു സംഭവമായിരിക്കും. ഒന്നുമുതല്‍ എട്ടുവരെയുള്ള ഉത്സവങ്ങളിലൂടെ തുടര്‍ന്നുവരുന്ന ചടങ്ങുകളുടെ പാരമ്യത്തിലെത്തുന്ന ദിനം എന്നതാണ് പള്ളിവേട്ട ദിവസത്തെ പ്രാധാന്യം. അല്ലാതെ അതൊരു ഒറ്റപ്പെട്ട ഉത്സവമല്ല. പഴമക്കാര്‍ അങ്ങനെ സംവിധാനം ചെയ്തതുതന്നെ അനിയന്ത്രിതമായ തിരക്ക് ഒരേ സമയത്ത് ഉണ്ടാവാതിരിക്കാന്‍ കൂടിയാവണം . ( ഏഴാം ഉത്സവത്തിന്റെ സേവ ദേവന്മാരുടെ സേവയും എട്ടാമുത്സവത്തിന്റേത് സ്ത്രീകളടക്കം നാട്ടുകാര്‍ക്കുവേണ്ടിയുള്ളതും ഒന്പതാമുത്സവത്തിന്റേ തു മറ്റുള്ളദേശങ്ങളില്‍ നിന്നു വരുന്നവര്‍ക്കുവേണ്ടിയെന്നുമൊക്കെവിശ്വാസം നിലനിന്നിരുന്നു. പള്ളിവേട്ടദിവസം അതിഥികളെ സത്കരിക്കേണ്ടതിനാല്‍ നാടുകാരുടെ പ്രാതിനനിധ്യം കുറവാകുമായിരുന്നു. പല വലിയ ഉത്സവങ്ങളും ഇങ്ങനെ ക്രമത്തോടെയായിരുന്നു വിന്യസിച്ചിരുന്നത്. അതുകൊണ്ടുതന്നെഎണ്ണത്തിലും വണ്ണത്തിലും ഏഴ്, എട്ട്, ഒന്പത്ദിവസങ്ങളില്‍ നേരിയ വ്യത്യാസമേഉണ്ടായിരുന്നുള്ളു)   മതില്കകത്തി ന്റെസ്വാസ്ഥ്യത്തില്‍ നടക്കുന്നഎഴുന്നള്ളത്തുകളുടെശോഭയാണതി ന്റെ തനിമ. ആനകളുടെഎണ്ണം കൂടിയാലും കുറഞ്ഞാലും എത്രയൊക്കെ കുടമാറ്റങ്ങള്‍ നടന്നാലും ഉത്സവത്തിന്റെ പരമ്പരാഗ തചൈതന്യം നിലനില്കണം. പൂരം മട്ടിലുള്ള കാഴ്ചകളിലേക്ക് സ്ഥിരമായി വഴുതിമാറാന്‍ ശ്രമിച്ചാല്‍ നമുക്കു നഷ്ടപ്പെടുന്നത് നൂറ്റാണ്ടുകളാ യി ലക്ഷക്കണക്കി നുവിശ്വാസികളെയും ഉത്സവക്കമ്പക്കാരെയും ആകര്‍ഷിച്ച സാക്ഷാല്‍ കവിയൂരുത്സവം തന്നെയാവും .





1 comment:

Jayan Kaviyoor said...

Really..said the truth...!!
Best wishes