
ഗ്രാമജീവിതത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന ചില സൗഭാഗ്യങ്ങളുണ്ട്. ചില പ്രത്യേകസുഗന്ധങ്ങളുടെ, ആത്മാവില്‍ തറയുന്ന ബന്ധങ്ങളുടെ, സാന്ത്വനം പകരുന്ന മരത്തണലുകളുടെ ഒക്കെ. ഓ! ഇത്തരമൊരു ഗ്രാമം ഇന്നെവിടെയാണുള്ളതെന്ന ചോദ്യം വന്നേക്കാം.
ശരിയാണ്, ഒരു പരിധിവരെ. ഗ്രാമീണതയുടെ ദിവ്യസുഗന്ധങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ടാവാം. മരത്തണലുകള്‍ മതില്‍ക്കെട്ടിനുള്ളിലെ വന്‍സൗധങ്ങള്‍ക്ക് വഴിമാറിയിട്ടുണ്ടാവാം. പരസ്പരസഹകരണത്തിന്റെ നറുംചിരികള്‍ സീരിയല്‍ക്കാഴ്ചയ്ക്ക് വിഘാതം വരുന്നതു ഭയന്നുള്ള മുഖഗൗരവത്തിനും വഴിമാറിയിട്ടുണ്ടാവാം. എങ്കിലും സ്മരണയില്‍ ആ ഗ്രാമചിത്രം അവശേഷിക്കുന്നുണ്ട്. അത് മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ഏതെങ്കിലുമൊക്കെ നിമിഷങ്ങളില്‍ അപ്രതീക്ഷിതമായ കൂടിക്കാഴ്ചകളില്‍ ആ സൗഹൃദത്തിന്റെ പുനര്‍ജ്ജനി അനുഭവിച്ച് കൃതാര്‍ഥരാവുന്നു. അതാണ് ഗ്രാമജീവിതം പകര്‍ന്നുനല്‍കിയ സുകൃതം.
ഞാന്‍ ജനിച്ചതൊരു ഗ്രാമത്തിലാണ്. മധ്യതിരുവിതാംകൂറിന്റെ ഹൃദയസ്ഥലിയില്‍ പുരാതനമായ സംസ്കൃതിയുടെ ഗരിമയും സമീപസ്ഥമായ മൂന്നോളം നഗരങ്ങളുടെ സാമീപ്യം പകര്‍ന്നുതരുന്ന ഭൗതികസൗകര്യങ്ങളും ജീവിതത്തെ സുഖാവഹമാക്കുന്ന കവിയൂരില്‍. അതുകൊണ്ടുതന്നെ ഒരു കുഗ്രാമമെന്ന് ഈ നാടിനെ വിശേഷിപ്പിക്കാനാവില്ല. സവിശേഷമയ ഒരു വസ്തുത, ഓരോ കവിയൂര്‍ക്കാരനും തന്റെ നാടിന്റെ പൗരാണിക സമൃദ്ധികളെക്കുറിച്ച് അമിതമായി അഭിമാനിക്കുന്നു എന്നുള്ളതാണ്.( ഏതു നാട്ടുകാരനും സ്വന്തം ജന്മനാടിനെക്കുറിച്ച് ഇത്തരമൊരു അഭിമാന ബോധം വച്ചുപുലര്‍ത്തുന്നുണ്ടാവും. പക്ഷേ കവിയൂര്‍ക്കാരന്റെ മനഃസ്ഥിതിയില്‍ ഈ അഭിമാനബോധത്തിന് മറ്റൊരു മാനമുണ്ടെന്നു ഞാന്‍ പറയും. അതായത് മധ്യതിരുവിതാംകൂറുകാര്‍ക്കുണ്ടെന്നാരോപിക്കുന്ന സ്വാര്‍ത്ഥതയും ഇടിച്ചുകയറാനുള്ള മിടുക്കും- അങ്ങനെയൊന്നുണ്ടെങ്കില്‍- പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ ഈയൊരു അഭിമാനബോധവും അവസരത്തിലും അനവസരത്തിലുമൊക്കെ പ്രകടിപ്പിക്കുവാന്‍ കവിയൂരുകാരന്‍ ബദ്ധശ്രദ്ധനാവുന്നു)
ഒരു പക്ഷേ ചരിത്രഭാരം കൊണ്ടാവാം! കേരളത്തിലെ പുരാതഗ്രാമങ്ങളിലൊന്നാണിത്. ശിലായുഗം മുതല്‍ കണ്ണിമുറിയാതെ ഇന്നോളം നീളുന്ന ഒരു സംസ്കാരത്തിന്റെ തിളപ്പ്. കേരളത്തിലെ കുറച്ചുഗ്രാമങ്ങള്‍ക്കുമാത്രം അവകാശപ്പെടാവുന്ന ആ സൗഭാഗ്യം കവിയൂരിനുണ്ട്. ദീര്‍ഘമായ ആ ചരിത്രഗതിയില്‍ പുരാതനര്‍ ചമച്ച രണ്ട് മഹാസൗധങ്ങള്‍ ഇന്നും കേടുകൂടാതെ നില്‍ക്കുന്നുണ്ട്. കവിയൂരിന്റെ ദിനസരികളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.
കവിയൂരിന്റെ നാള്‍വഴികള്‍ കുറിക്കുമ്പോള്‍ അത് സ്വാഭാവികമായും ഒരു മഹാക്ഷേത്രത്തെയും അതിലും പുരാതനമായ ഒരു ശിലാക്ഷേത്രത്തെയും ചുറ്റിത്തിരിയേണ്ടി വരുന്നത് അതുകൊണ്ടാണ്.
ഈ നടവഴികളിലൂടെ, പതിനെട്ടാം പടിക്കു താഴെയുള്ള ചടുല ജീവിതത്തിനെ തട്ടകത്തിലൂടെ, ഞാലീക്കണ്ടത്തിന്റെ തിമിര്‍പ്പുകളിലൂടെ, കമ്മാളത്തകിടിയുടെ സന്ധ്യാബഹളങ്ങളിലൂടെ, പടിഞ്ഞാറ്റുഞ്ചേരിയുടെ രാത്രിരഹസ്യങ്ങളിലൂടെ ഞാനൊന്നു സഞ്ചരിച്ചു നിറയട്ടെ.
ലോകവാസികളേ, ലോകലോകന്തരങ്ങളിലെ പ്രവാസം വിധിക്കപ്പെട്ട കവിയൂരുകാരേ, ജാഗ്രത!
ഞാന്‍ കവിയൂരിന്റെ കഥകള്‍ പറഞ്ഞു തുടങ്ങുകയാണ്.